വയലും വീടും കാർഷിക കുടുംബം മുന്നോട്ടുവെക്കുന്ന നാട്ടുനന്മയെക്കുറിച്ച്..

2008 ജൂണ്‍ അഞ്ചിലെ പ്രകൃതി ദിനം മുതല്‍ ഞങ്ങള്‍ ജൈവകൃഷി സംബന്ധമായ അവബോധം നടത്തിക്കൊണ്ടാണ് തുടങ്ങിയത്. “വിഷലിപ്തമായ ഭക്ഷണവും തികച്ചും പ്രകൃതി വിരുദ്ധമായ ജീവിതക്രമവും” പിന്തുടരുന്ന സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ ആകാവുന്ന വഴികളിലൂടെയെല്ലാം സഞ്ചരിച്ചു ഞങ്ങള്‍ പരമാവധി ആളുകളിലേക്ക് സത്യത്തിന്റെയും, ബോധത്തിന്റെയും ഉണര്‍വ് നല്‍കിക്കൊണ്ടേയിരിക്കുന്നു…

ഇന്ന് ലക്ഷത്തിലധികം ജൈവകൃഷിയെ
സ്നേഹിക്കുന്ന അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദീര്‍ഘവീക്ഷണവും സാമൂഹ്യനന്മയും മുന്നില്‍ കണ്ടു വയലുംവീടും https://www.facebook.com/groups/veedumvayalum/എന്ന കാര്‍ഷിക കുടുംബം നാട്ടിലായാലും ഗള്‍ഫിലായാലും ഓരോ വീട്ടിലും അവരവര്‍ക്ക് ചെയ്യാന്‍ കഴിയുന്നവിധം ഇത്തിരിയിടങ്ങളില്‍ പോലും ജൈവ കൃഷിയിടമൊരുക്കി ഓരോ വീട്ടുകാരനും കൃഷിയെക്കുറിച്ചും മണ്ണിനെക്കുറിച്ചും നിരന്തരം അവബോധം നല്‍കുക വഴി വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യാതൊരുവിധ സ്വാര്‍ത്ഥ താല്‍പര്യവുമില്ലാതെ മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന കുറച്ചു നല്ല മനുഷ്യരാണ് ഇതിനു പുറകില്‍ പ്രവര്‍ത്തിക്കുന്നത്.
സൗജന്യമായി വിത്തുകളും വളങ്ങളും തൈകളും നല്‍കുക മാത്രമല്ല, ഓരോ വീട്ടിലെയും കൃഷിയിടങ്ങളിൽ ചെന്ന് കൃഷിയുടെ പുരോഗതി ശ്രദ്ധിക്കുകയും അവരവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അതുവഴി ജൈവ കാര്‍ഷിക മേഖലയിലേക്ക് കുടുംബങ്ങളെ മുഴവനും കൊണ്ടുവരിക എന്ന മഹത്തായ കര്‍ത്തവ്യബോധത്തിലേക്കാണ് ഞങ്ങള്‍ ഏവരെയും കൊണ്ടുപോവുന്നത്.

ഫ്ലാറ്റിലെ ഇത്തിരിപ്പോന്ന ഇടനാഴികയും വില്ലകളിലെ ചെറു മുറ്റങ്ങളും നമുക്ക് കൃഷി ചെയ്യാനുള്ള ഇടമായി തീര്‍ന്നിരിക്കുന്നു. ഇത്തരമൊരു തീരുമാനത്തിലൂടെ മാത്രമേ നമ്മുടെ നന്മയുള്ള അടുക്കളമുറ്റത്തെ തിരിച്ചു പിടിക്കനാവൂ.

മൂന്നു നേരവും നാം കഴിക്കുന്ന വിഷത്തിന്റെ അളവ് കുറച്ചു കൊണ്ടുവരികയും, കാന്‍സര്‍, ലിവർ സിറോസിസ് പോലുള്ള മാറാരോഗങ്ങളില്‍ നിന്നും വരും തലമുറകളെ നമുക്ക് രക്ഷിച്ചെടുക്കുക കൂടി വേണം.

വയലും വീടും നന്മയുള്ള ഒരു സംസ്ക്കാരത്തെയാണ് പ്രശോഭിപ്പിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും നമ്മെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന ആര്‍ത്തിക്കെതിരെ ഒരു ബഹളവുമില്ലാതെ ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്‌..
നിരവധി കാർഷികവും സാമൂഹികവുമായ പരിപാടികള്‍ ജൈവ കൃഷിയുമായി ബന്ധപ്പെടുത്തി ഇന്ത്യയിലും ഗള്‍ഫിലും ഞങ്ങള്‍ നടത്തുകയുണ്ടായി.
ജൈവ കാർഷിക രംഗത്ത്
കേരളം മുഴുക്കെ അറിയപ്പെടുന്ന കാർഷികാചാര്യൻ ശ്രീ കെവി ദയാൽ മുതൽ, വിഷമുക്ത ഭക്ഷണ സംസ്കാരത്തിന് വേണ്ടി പോരാടുന്ന ശ്രീ മോഹനന്‍ വൈദ്യർ, പരിസ്ഥിതിയുടെ കാവലാൾ ശ്രീ. സി ആർ നീലകണ്ഠൻ എന്നിവരുടെ കാര്‍ഷിക പഠന ക്ലാസ്സുകളായിരുന്നു നൂറുകണക്കിന് കൃഷി സ്നേഹികള്‍ പങ്കെടുത്ത കഴിഞ്ഞകാല വയലും വീടും കാര്‍ഷിക മഹോത്സവങ്ങളിലെ മുഖ്യ ആകര്‍ഷണം.